ലൈംഗിക പീഡന ആരോപണം: ഇലോൺ മസ്കിന് വൻ തിരിച്ചടി
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ലൈംഗിക പീഡന ആരോപണം ടെസ്‌ല മേധാവി ഇലോൺ മസ്കിന്റെ ആസ്തിയിൽ വൻ ഇടിവിന് കാരണമായതായി റിപ്പോർട്ട്. ലൈംഗിക പീഡന ആരോപണങ്ങൾക്കിടയിൽ ഇലോൺ മസ്‌കിന്റെ ആസ്തി 20000 കോടി ഡോളറിൽ താഴെയായി. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്കിന്റെ ആസ്തിയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
തന്റെ ഇലക്ട്രിക് കാർ കമ്പനിയുടെ ഓഹരികൾ 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് ആസ്തി 20000 കോടി ഡോളറിന് താഴേക്ക് പോയത്. കഴിഞ്ഞ മാസങ്ങളിലെല്ലാം ടെസ്‌ല ഓഹരികൾ താഴോട്ട് തന്നെയാണ്. ജനുവരി മുതൽ ഇതുവരെയുള്ള കണക്കുകൾ നോക്കുമ്പോൾ ടെസ്‌ല ഓഹികഴുടെ മൂല്യം 40 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ഈ വർഷം ഇതുവരെയുള്ള ആസ്തിയുടെ ഏകദേശം 7760 കോടി ഡോളറാണ് മസ്കിന് നഷ്ടമായത്.
ബ്ലൂംബെർഗിന്റെ കണക്കുകൾപ്രകാരം മസ്കിന്റെ ആസ്തി 19300 കോടി ഡോളറായി കുറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലൈംഗിക പീഡനം ആരോപണ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ ഏകദേശം 1000 കോടി ഡോളർ ആണ് നഷ്ടപ്പെട്ടത്. ഓഹരി മൂല്യത്തിന്റെ 10.8 ശതമാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു ഈ വമ്പൻ തകർച്ച നേരിട്ടിട്ടും ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന നിലയ്ക്ക് മാറ്റമില്ല. ആമസോണിന്റെ ബെസോസ് 13500 കോടി ഡോളറുമായി രണ്ടാം സ്ഥാനത്താണ്. ബെസോസിന് ഈ വർഷം ഏകദേശം 6460 കോടി ഡോളർ ആണ് നഷ്ടപ്പെട്ടത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും മെറ്റാ സിഇഒയും സഹസ്ഥാപകനുമായ മാർക്ക് സക്കർബർഗും ഉൾപ്പെടെയുള്ള മറ്റ് കോടീശ്വരന്മാരിലും മൊത്തം ആസ്തി കുറഞ്ഞതായി റിപ്പോർട്ടിൽ കാണിക്കുന്നുണ്ട്. ഇലോൺ മസ്കിനെതിരെ ലൈംഗിക പീഡന ആരോപണവുമായി എയർ ഹോസ്റ്റസ് രംഗത്തെത്തിയിരുന്നു. എന്നാൽ, 44 ബില്യൻ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കലിന് തടസ്സമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ ആരോപണമെന്ന് മസ്ക് പ്രതികരിക്കുകയും ചെയ്തിരുന്നു. പീഡനത്തിനിരയായ എയർ ഹോസ്റ്റസിന് പണം കൊടുത്ത് ആരോപണം ഒതുക്കിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ഫ്‌ളൈറ്റിൽ ക്രൂ അംഗമായി ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
മസ്‌ക് തന്നെ അനുചിതമായി സ്പർശിച്ചതായും ലൈംഗികമായി മസാജ് ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിമാനത്തിലെ സ്വകാര്യ റൂമിലേക്ക് മസ്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. വഴങ്ങിയാൽ കുതിരയെ വാങ്ങി നൽകാമെന്ന് മസ്ക് വാഗ്ദാനം നൽകിയതായും റിപ്പോർട്ടിലുണ്ട്. മസ്കിന്റെ ഗൾഫ്സ്ര്ടീം ജി650ഇആർ വിമാനത്തിന്റെ സ്വകാര്യ റൂമിലാണ് സംഭവം നടന്നത്. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ തനിക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് മസ്‌ക് പറഞ്ഞു. ഈ കഥയ്ക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും മസ്ക് പറഞ്ഞു.